കുളത്തൂപ്പുഴ: കിഴക്കൻ മേഖലയിൽ സിഐ ഓഫിസ് അനുവദിച്ച അന്നുമുതൽ കുളത്തൂപ്പുഴയിൽ പ്രവർത്തിച്ചിരുന്ന പൊലിസ് സർക്കിൾ ഓഫിസ് തെന്മലയിലേക്ക് മാറ്റിയ പ്രവർത്തനം തുടങ്ങിയതിനുശേഷം പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് ഒടുവിൽ തിരിച്ചെത്തി.
സിഐ ഓഫിസ് കുളത്തൂപ്പുഴയിൽ തന്നെ പ്രവർത്തനം തുടരുമെന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം വന്നതോടെ ഓഫിസ് തിരികെ എത്തിച്ചതിനു പിന്നിൽ തങ്ങളാണെന്ന വാദവുമായി വിവിധ പ്രാദേശിക നേതാക്കൾ രംഗത്തെത്തി.
പാർട്ടിയിലെ പടലപിണക്കവും ഇതോടെ മറനീക്കി. ആധുനിക സൗകര്യങ്ങളോടെ കുളത്തൂപ്പുഴയിൽ പ്രവർത്തിച്ചു വന്ന സർക്കിൾ ഓഫിസ് അപ്രതീക്ഷിതമായാണ് ആഭ്യന്തര വകുപ്പ് തെന്മലയിലേക്ക് മാറ്റിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി ഉന്നതികളും മറ്റു ജനവാസ മേഖലകളുമുള്ള കുളത്തൂപ്പുഴയെ ഒഴിവാക്കി തോട്ടം മേഖലയായ തെന്മലയിലേക്ക് ഓഫിസ് മാറ്റിയതിനു പിന്നിൽ ടൂറിസ്റ്റ് കേന്ദ്രത്തിനോട് അടുത്തുള്ള പ്രദേശത്തേക്ക് ഓഫിസ് മാറ്റുക എന്ന ഏക ഉദ്യേശമാണ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നതെന്ന് പറയുന്നു.
ഇതിനെതിരെ രാഷ്ട്രീയ നേതൃത്വങ്ങൾ ആരും തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നില്ല.
ഇതിനിടെ ചില ദളിത് സംഘടനകൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.